കൊടികുത്തിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ? കൊടികുത്തി മലയിലെ സൂര്യോദയം കണ്ടിട്ടുണ്ടോ ? നീല മേഘങ്ങള്‍ പുഞ്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ ? വെളുത്ത മേഘങ്ങളുടെ പറക്കല്‍ കണ്ടിട്ടുണ്ടോ ? ആനപ്പുല്ലിന്റെ നൃത്തം കണ്ടിട്ടുണ്ടോ ? കോടമഞ്ഞ് തലോടുന്നത് കണ്ടിട്ടുണ്ടോ?
പാറക്കെട്ടുകളുടെ മറുക് കണ്ടിട്ടുണ്ടോ ? മയിലുകളുടെ കൂവല്‍ കേട്ടിട്ടുണ്ടോ ? ജീവിതം ഒരത്ഭുതമായി മാറുന്നത് കണ്ടിട്ടുണ്ടോ ? മാറി മറിയുന്ന കാലാവസ്ഥ കണ്ടിട്ടുണ്ടോ ? ആത്മാവ് ഹൃദയത്തോട് കൊഞ്ചുന്നത് അറിഞ്ഞിട്ടുണ്ടോ ?
ഇല്ലെങ്കിലും ഉണ്ടെങ്കിലും വന്നോളൂ .. കൊടികുത്തി മലയിലേക്കു .... ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതാണ് കൊടികുത്തിമല. ഊട്ടിയോട് ഏറെ സമാനതകൾ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല. മരതക കാന്തി വാരിയണിഞ്ഞ് പെരിന്തൽമണ്ണ കൊടികുത്തിമല.
ഊട്ടിയുടെ കുളിരും, കൊഡൈകനാൽ ആത്മഹത്യാ മുനമ്പിൻറെ ഭയാനതയും, പ്രകൃതി സ്നേഹികൾക്ക് മുന്നിൽ ഒരേസമയംതുറന്ന് കാട്ടി കാഴ്ച്ചയുടെ നിറ വസന്തവുമായി പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം. കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർക്ക് കാഴ്ച്ചയുടെ വസന്തം തീർത്ത് പച്ചപുൽ വിരിച്ച കുന്നിൻ പുറങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവിയും തരുന്ന നയനമനോഹാരിത വാക്കുകൾക്കുമതീതമാണ്..
കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും. താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ.
കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമലക്ക് ഈ പേരുകിട്ടാൻ കാരണം മലബാർ കിഴടക്കിയ ബ്രിടീഷ് ആർമി ഇവിടെയാണെത്രേ കൊടി നാട്ടിയത് .... കൊടികുത്തിമലയെ കുറിച്ച് പറഞ്ഞത് ഇത്തിരി പറയാനും കാണാനും ഒത്തിരി യുണ്ടിവിടെ.
പ്രകൃതി സഞ്ചാരികൾക്കായൊരുക്കിയ ഈ മനോഹര കാഴ്ചകൾ നിറഞ്ഞ കൊടികുത്തിമല ഈ മഴകാലത്ത് പച്ചപ്പിൻറെ സുന്ദര പരവതാനിയിട്ട് പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു.. പെരിന്തൽമണ്ണയിൽനിന്ന് മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂർ റോഡ് വഴി ആറുകിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും.
തേലക്കാട്ടുനിന്ന് പോബ്സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്. തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റർ ദൂരമാണ് മലമുകളിലേക്ക്. കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാലും മലമുകളിലെത്താം. ഈ വഴി ഓഫ്റോഡിങ്ങ് സവാരിക്ക് വളരെ പ്രസിദ്ധമാണ്. ഈ രണ്ട് വഴികൂടാതെ അമ്മിനിക്കാട്ടുനിന്ന് കൊടികുത്തി മലയിലേക്കെത്താം.
നിലവിൽ ഗതാഗതയോഗ്യമായ ഈ റോഡിലൂടെയുള്ളയാത്ര നിങ്ങളെ വളരെ വേഗത്തിൽ കൊികുത്തിമലയിൽ എത്താൻ സഹായിക്കുന്നു.ദേശീയ പാതയിൽ നിന്ന് വെറും 6 കിലോ മീറ്റർ ദൂരത്തിലുള്ള ഇവിടെയെത്താനുള്ള എളുപ്പമാർഗ്ഗവുമിതാണ്.
Credits : https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1376631369078060
No comments:
Post a Comment